ചന്ദനക്കാംപാറ കാനറാ ബാങ്കിൽ കർഷകനോട് മാനേജറുടെ അപമര്യാദയായ പെരുമാറ്റം; ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര അന്വേഷണം


ചന്ദനക്കാംപാറ:വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയ കർഷക കുടുംബത്തോട് ബാങ്ക് മാനേജർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കാനറാ ബാങ്ക് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ചന്ദനക്കാംപാറ കാനറാ ബാങ്ക് ശാഖാ മാനേജർ ഷിനോജ് കെ.ക്കെതിരെയാണ് നടപടി. കർഷകനോട് മാനേജർ തട്ടിക്കയറുന്നതിൻ്റെയും ബാങ്കിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്

വായ്പ നിഷേധവും തർക്കവും

ചന്ദനക്കാംപാറ സ്വദേശിയായ തങ്കച്ചനും കുടുംബവുമാണ് വായ്പാ ആവശ്യത്തിനായി ബാങ്കിലെത്തിയത്. 'ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ്' (JLG) വഴി ഇവർ നേരത്തെ എടുത്ത മൂന്ന് ലക്ഷം രൂപയുടെ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നു. പുതിയ വായ്പയ്ക്കായി സമീപിച്ചപ്പോൾ കൃഷിസ്ഥലം സന്ദർശിച്ച് വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജരും കർഷകനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
കൃഷി ചെയ്യാത്തവർക്ക് ബാങ്ക് വായ്പ അനുവദിക്കുന്നുണ്ടെന്നും, അർഹതയുണ്ടായിട്ടും ഏറെ നാളായി ബാങ്കിൽ കയറിയിറങ്ങുന്ന തങ്ങളെ മാനേജർ മനപ്പൂർവ്വം മടക്കി അയക്കുകയാണെന്നും കർഷകൻ ആരോപിച്ചു.

നിയന്ത്രണം വിട്ട് മാനേജർ

പൊതുജനങ്ങളുടെ നികുതിപ്പണവും തങ്ങളെപ്പോലുള്ള ഇടപാടുകാരുള്ളതുകൊണ്ടുമാണ് മാനേജർ ആ കസേരയിൽ ഇരിക്കുന്നതെന്ന് കർഷകൻ ഓർമ്മിപ്പിച്ചതാണ് മാനേജറെ പ്രകോപിപ്പിച്ചത്. നിയന്ത്രണം വിട്ട ഇദ്ദേഹം കർഷക കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവരോട് 'മിണ്ടാതെ പൊയ്‌ക്കോണം' എന്ന് ആക്രോശിക്കുകയും പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്ക് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല ശമ്പളം ലഭിക്കുന്നതെന്നും മാനേജർ വിളിച്ചുപറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അക്കൗണ്ട് പൂട്ടാൻ നിർദ്ദേശം; വെല്ലുവിളിച്ച് മാനേജർ

തർക്കം രൂക്ഷമായതോടെ കർഷകൻ്റെ അക്കൗണ്ട് അടിയന്തരമായി ക്ലോസ് ചെയ്യാൻ ജീവനക്കാർക്ക് മാനേജർ നിർദ്ദേശം നൽകി. എന്നാൽ മാനേജറുടെ വാക്ക് വിശ്വസിച്ച് കൃഷി ചെയ്ത തങ്ങൾക്ക് കൃഷിയിലുണ്ടായ നഷ്ടപരിഹാരം തരാതെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർഷക കുടുംബം ശക്തമായി വാദിച്ചു.

തൻ്റെ ആധികാരികത ചോദ്യം ചെയ്ത കർഷകനോട് 'അത് എൻ്റെ സൗകര്യം, എനിക്ക് അതിനൊക്കെയുള്ള സൗകര്യമുണ്ട്, തനിക്ക് വേണമെങ്കിൽ അവിടെ നിന്നോ, വീടുകയറി തരാം' എന്ന രീതിയിലായിരുന്നു മാനേജറുടെ വെല്ലുവിളി.
സംഭവം പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കർഷകനെ പരസ്യമായി അപമാനിച്ച ദൃശ്യങ്ങൾ വൈറലായതോടെയാണ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതും.

Post a Comment

Previous Post Next Post