ചീക്കാട് നമ്പ്യാർമലയിൽ കാട്ടാന വിളയാട്ടം: വ്യാപക കൃഷിനാശം, ജനങ്ങൾ ഭീതിയിൽ



ആലക്കോട്:കേരള-കർണ്ണാടക അതിർത്തി മേഖലയായ ചീക്കാട് നമ്പ്യാർ മലയിൽ ദിവസങ്ങളായി തുടരുന്ന കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ കർഷകർക്ക് കനത്ത കൃഷിനാശം. കഴിഞ്ഞ രാത്രിയിൽ ജനവാസ മേഖലയിലിറങ്ങിയ ആനക്കൂട്ടം വീടുകൾക്ക് തൊട്ടടുത്ത് വരെയെത്തിയത് പ്രദേശവാസികളെ വൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
നമ്പ്യാർമലയിലെ പുലിക്കിരി കൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾക്ക് തൊട്ടടുത്താണ് കഴിഞ്ഞ ദിവസം രാത്രി ആനക്കൂട്ടമെത്തിയത്. കൃഷ്ണന്റെ പറമ്പിലെ കൃഷികൾ പൂർണ്ണമായും നശിപ്പിച്ച നിലയിലാണ്. പ്രദേശത്തെ കർഷകരായ വടക്കേവീട്ടിൽ സതീഷ്, കൊണ്ടനാട്ട് സന്തോഷ്, പാലത്തിനാൽ ജോസഫ്, എടാട്ട് ജയരാജൻ തുടങ്ങിയ നിരവധി പേരുടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ തകർത്തത്. വിളവെടുപ്പിന് പാകമായ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയവയെല്ലാം ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു.

ടാപ്പിംഗ് തൊഴിലാളികളും ദുരിതത്തിൽ

പുലർച്ചെ സമയങ്ങളിൽ തോട്ടങ്ങളിലും റോഡിലും ആനക്കൂട്ടം തമ്പടിക്കുന്നത് പതിവായതോടെ പ്രദേശത്തെ റബർ ടാപ്പിംഗ് തൊഴിലാളികളും കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. ജീവഭയം കാരണം പുലർച്ചെ ടാപ്പിംഗിന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

തങ്ങളുടെ ഏക ഉപജീവനമാർഗ്ഗമായ കൃഷി നശിക്കുന്നതിനൊപ്പം ജീവനും ഭീഷണിയായി കാട്ടാന വിളയാട്ടം തുടർക്കഥയായിട്ടും, വനംവകുപ്പോ മറ്റ് അധികൃതരോ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. മേഖലയിൽ അടിയന്തരമായി വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

Post a Comment

Previous Post Next Post