ഉളിക്കൽ:കർണാടക ഉൾവനങ്ങളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതേതുടർന്ന് ഈ മേഖലയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തി വനങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. വനത്തിനുള്ളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളമാണ് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായത്. പാലത്തിന് മുകളിലൂടെ ശക്തമായ ഒഴുക്കുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജാഗ്രതാ നിർദ്ദേശം:പുഴകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആരും നദികളിലോ തോടുകളിലോ ഇറങ്ങരുതെന്നും, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റവന്യൂ അധികൃതരും പോലീസും അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ഉളിക്കൽ പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് സൂചന. പാലം മുങ്ങിയതോടെ പ്രദേശത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
Post a Comment