കരുണ വറ്റിയിട്ടില്ലാത്ത മലയാളക്കര; കുഞ്ഞുധ്രുവാന്റെ ജീവനായി ഒന്നിച്ചൊഴുകിയ 16 കോടി!

സ്പൈനല്‍ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തെ തോല്‍പ്പിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോള്‍ കുഞ്ഞുധ്രുവാന് ലഭിച്ചത് പുതുജീവൻ.
ചികിത്സയ്ക്കായി ആവശ്യമായിരുന്ന 16 കോടി രൂപയും സമാഹരിക്കാനായ വിവരം കുടുംബം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.'സേവ് ബേബി ധ്രുവാൻ' എന്ന പേരില്‍ നടത്തിയ ക്യാമ്പയിനിലൂടെയാണ് അസാധ്യമെന്ന് കരുതിയ ഈ തുക ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താനായത്. "നിങ്ങള്‍ നല്‍കിയത് വെറും പണമല്ല, ഞങ്ങളുടെ മകന് ഒരു ജീവിതം കൂടിയാണ്.
ഉറക്കമില്ലാത്ത രാത്രികളില്‍ ഞങ്ങള്‍ക്കായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദി പറയാൻ വാക്കുകളില്ല," കുടുംബം ഇൻസ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിന്റെ ഒത്തൊരുമയുടെയും മനുഷ്യത്വത്തിന്റെയും വലിയൊരു വിജയഗാഥയാണിത്.
ഒറ്റമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞത്. കാലുകള്‍ക്ക് ചലനശേഷി കുറഞ്ഞതോടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്പൈനല്‍ മസ്കുലർ അട്രോഫി സ്ഥിരീകരിച്ചത്.
ജനിതകവൈകല്യം മൂലം പേശികള്‍ക്കും ഞരമ്പുകള്‍ക്കും ബലക്ഷയം സംഭവിക്കുന്ന ഈ രോഗത്തിന് ജീൻ തെറാപ്പി മാത്രമാണ് ഏക പോംവഴി. പതിനായിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയില്‍ നിന്നും ധ്രുവാൻ ഇനി ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.

Post a Comment

Previous Post Next Post