ബംഗളൂരു: ടിക്കറ്റെടുക്കാൻ ചില്ലറ നല്‍കാത്തതിനെ തുടർന്ന് ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസില്‍ നിന്നും ഇറക്കി വിട്ടു.
സാധാരണക്കാർ നേരിടുന്ന യാത്രാദുരിതം നേരിട്ടറിയാൻ വേഷംമാറിയെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനാണ് സ്വന്തം വകുപ്പില്‍ നിന്ന് തന്നെ അവഹേളനം നേരിട്ടത്.
ഹെബ്ബാളില്‍ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പോരായ്‌മകള്‍ വിലയിരുത്താൻ ഔദ്യോഗിക വാഹനവും സുരക്ഷാ ജീവനക്കാരെയും ഒഴിവാക്കി അതീവ രഹസ്യമായായിരുന്നു മന്ത്രിയുടെ യാത്ര.
രണ്ട് ടിക്കറ്റുകള്‍ക്കായി മന്ത്രി നൂറു രൂപയുടെ നോട്ട് നീട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടിക്കറ്റ് നിരക്കിനുള്ള കൃത്യമായ തുക ചില്ലറയായി നല്‍കാൻ കണ്ടക്ടർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കല്‍ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, 'എങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിക്കോളൂ' എന്നായിരുന്നു കണ്ടക്ടറുടെ മറുപടി. മാസ്‌ക്ക് ധരിച്ചിരുന്നതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് തിരിച്ചറിയാൻ കണ്ടക്ടർക്ക് സാധിച്ചില്ല. തുടർന്ന് കണ്ടക്ടറോട് തർക്കിക്കാൻ നില്‍ക്കാതെ മന്ത്രി ബസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ബിഎംടിസി ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ബംഗളൂരുവിലെ ബസ് യാത്രക്കാർ നിത്യേന നേരിടുന്ന സമാനമായ ദുരനുഭവങ്ങളുടെ നേർച്ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ വ്യാപകമാക്കാൻ നിർദേശമുണ്ടായിട്ടും കണ്ടക്ടർമാർ ചില്ലറയുടെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നഗരത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Post a Comment