ആലക്കോട്: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ആലക്കോട് സി.ഐ. കെ. രാജീവന്റെ നേതൃത്വത്തിൽ കരുവഞ്ചാലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും കഞ്ചാവ് ബീഡിയുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ആറ് ഗ്രാം കഞ്ചാവുമായി അസം സ്വദേശി അയൂബ് അഹമ്മദ് (26), കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ അസം സ്വദേശി റഹ്മാനുദ്ദീൻ ഷെയ്ഖ് (20) എന്നിവരാണ് അറസ്റ്റിലായത്.
കരുവഞ്ചാൽ ടൗണിൽ വെള്ളാട് റോഡിൽ നടത്തിയ പരിശോധനയിലാണ് അയൂബ് പിടിയിലായത്. കോട്ടക്കടവ് റോഡിന് സമീപത്ത് നിന്നാണ് റഹ്മാനുദ്ദീനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, ഷിനു, ഡ്രൈവർ അതുൽ എന്നിവരും പരിശോധന നടത്തിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment