ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെക്കൂടി പ്രതി ചേര്‍ക്കും


പയ്യന്നൂർ:  അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തില്‍ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും.

കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ദ്ധ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാകും പ്രതിചേർക്കുക. ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന മാനേജ്മെന്റിന്റെ ഉറപ്പില്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടം കഴിഞ്ഞതിന് ശേഷമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹവുമായി പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനൊപ്പം, ശിശുരോഗ വിഭാഗം ഡോക്ടർ ആശ നിർമല്‍, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
പിന്നാലെ കുടുംബാംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുമായി പയ്യന്നൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ചർച്ച നടത്തി. ഡോക്ടർമാരെക്കൂടി പ്രതിചേർക്കാമെന്ന പൊലീസിന്റെയും, അന്വേഷണവുമായി സഹകരിക്കുമെന്ന മാനേജ്മെന്റിന്റെയും ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നിർദേശപ്രകാരം പുതിയ മെഡിക്കല്‍ ബോർഡും ഉടൻ രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. കുഞ്ഞിനെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും ആശുപത്രിയില്‍ എത്തിയിട്ടില്ല. ഇന്നലെയാണ് പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യ മരിച്ചത്. മൃതദേഹം അമ്മയുടെയും അച്ഛന്റെയും വീട്ടില്‍ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കും.

Post a Comment

Previous Post Next Post