ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന് അനസ്തേഷ്യ നല്‍കിയതില്‍ പിഴവെന്ന പരാതി; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്


കണ്ണൂർ: കണ്ണൂരില്‍ മുഖത്ത് പരുക്കേറ്റ് ചികിത്സക്കെത്തിയ ഒന്നരവയസുകാരന് അനസ്തേഷ്യ നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്നാണ് എഫ്‌ഐആർ.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും മുഖത്തുമായിരുന്നു പരിക്ക്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കി. തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്റ്റിച്ച്‌ ഇടാൻ വേണ്ടിയാണ് ഡോക്ടേഴ്സ് കുഞ്ഞിന് അനസ്തേഷ്യ നല്‍കിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ടമായി എന്നാണ് ആരോപണം. തുടർന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചികിത്സ പിഴവ് ആരോപിച്ച്‌ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച്‌ നടത്തി.


Post a Comment

Previous Post Next Post