ബീഫ് വിഷയമാകും....! മലബാറില്‍ ബീഫ് വില കുതിച്ചുയരും, എല്ലില്ലാത്ത ബീഫിന് 460 രൂപ


കോഴിക്കോട്:മലബാര്‍ മേഖലയില്‍ ബീഫിന്റെ വില വര്‍ധിപ്പിക്കുന്നു. ജൂലൈ 15 മുതല്‍ എല്ലില്ലാത്ത ബീഫിന് കിലോക്ക് 460 രൂപ, എല്ലുള്ളതിന് 400 രൂപ എന്ന നിരക്കിലേക്കാണ് വര്‍ധിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് 350 വരെ ഉണ്ടായിരുന്ന ബീഫ് വില വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ പറയുന്നു.ജൂലൈ 15 മുതല്‍ വിലവര്‍ധനവ് നടപ്പാക്കുമെന്ന് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.കെ സാദിഖ് പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കാലികള്‍ക്ക് അനിയന്ത്രിതമായ വിലവര്‍ധനവാണ്. ഇതോടൊപ്പം, മാംസവ്യാപാരത്തിന്റെ ഉപോല്‍പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവക്ക് വിലയിടിവുമുണ്ടായി. ഇത് കാരണം വ്യാപാരമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ വ്യാപാരികള്‍ ഏറെ പ്രയാസപ്പെടുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിവരവ് വലിയ പ്രയാസം നേരിടുന്നുണ്ട്. കന്നുകാലി വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി കൊണ്ടുപോകുന്ന അവസ്ഥയുണ്ട്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ കാണാറുണ്ടല്ലോ. ഇതും മേഖലയെ പ്രതിസന്ധിയിലാക്കുകയാണ് -ടി.കെ സാദിഖ് പറഞ്ഞു.

Post a Comment

Previous Post Next Post