ബഹിരാകാശം കൈക്കുമ്പിളിലാക്കാൻ മലയാളി! ചരിത്ര നേട്ടത്തിലേക്ക് പറന്നുയര്‍ന്ന് അനില്‍ മേനോൻ; സൊയൂസ് എംഎസ് 29 ദൗത്യം വിജയകരമായി വിക്ഷേപിച്ചു


ബഹിരാകാശ ഗവേഷണ രംഗത്ത് മലയാളക്കരയ്ക്ക് വീണ്ടും അഭിമാനനിമിഷം. പാതി മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനില്‍ മേനോൻ ഉള്‍പ്പെടുന്ന സൊയൂസ് എംഎസ് 29 ദൗത്യം വിജയകരമായി വിക്ഷേപിച്ചു.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്നായിരുന്നു ചരിത്രപരമായ ഈ വിക്ഷേപണം. രാത്രിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുന്ന പേടകത്തില്‍ നിന്നുള്ള യാത്രികർ തുടർന്നുള്ള മണിക്കൂറുകളില്‍ നിലയത്തിലേക്ക് പ്രവേശിക്കും. ബഹിരാകാശ നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ന്റെ ഭാഗമാകുന്ന സംഘത്തിന്റെ ദൗത്യം എട്ട് മാസം നീണ്ടുനില്‍ക്കും.
ഈ ചരിത്ര യാത്രയ്ക്ക് പിന്നില്‍ അനില്‍ മേനോന്റെ വർഷങ്ങള്‍ നീണ്ട പരിശ്രമവും അസാധാരണമായ അക്കാദമിക് മികവുമുണ്ട്. മിനിയപ്പലിസില്‍ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദവും സ്റ്റാൻഫോർഡില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സും കരസ്ഥമാക്കി. പിന്നീട് അമേരിക്കൻ വ്യോമസേനയില്‍ കേണലായി സേവനമനുഷ്ഠിച്ച അദ്ദേഹം, സ്റ്റാൻഫോർഡില്‍ നിന്ന് വൈദ്യശാസ്ത്ര പഠനവും പൂർത്തിയാക്കി. ആയിരത്തിലധികം മണിക്കൂറുകള്‍ വിമാനം പറത്തി പരിചയമുള്ള അദ്ദേഹം നാസയിലും തുടർന്ന് സ്പേസ് എക്സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശ വൈദ്യശാസ്ത്രത്തില്‍ 20-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച മികവിലാണ് അനില്‍ നാസയുടെ 23-ാമത് ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.


Post a Comment

Previous Post Next Post