കണ്ണൂർ : ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇൻസ്‌പെക്ടറുമായ പി.പി.ശ്രീധരനെ (49) വിജിലൻസ് കയ്യോടെ പിടികൂടി.
പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂർ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമർപ്പിച്ചിരുന്നു.
അനുമതി നല്‍കുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 08.07.2026 തീയതി ജിയോളജി ഓഫീസില്‍ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെടുകയും, പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇൻസ്‌പെക്ടർ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.
ഇൻസ്‌പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇൻസ്‌പെക്ഷനായി ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരൻ ജൂലൈ-15 ന് വീണ്ടും ഓഫീസില്‍ എത്തുകയും, മൈനിംഗ് റവന്യു ഇൻസ്‌പെക്ടറായ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.
സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കില്‍ തന്നെ വേണ്ട രീതിയില്‍ കാണണമെന്നും, അല്ലെങ്കില്‍ ഫയല്‍ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്നും ശ്രീധരൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാൻ കഴിയില്ലന്ന് പരാതിക്കാരൻ അറിയിച്ചപ്പോള്‍ 16 ന് സെറ്റ് നടത്താൻ ഇൻസ്പെക്ഷൻ നടത്താൻ എത്താമെന്നും അപ്പോള്‍ 15,000 നല്‍കണമെന്നും പരാതിക്കാരനോട് പറഞ്ഞു.
ഈ വിവരം അറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം 4.30 ന് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനില്‍ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവേ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്‌ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
Post a Comment