ആലക്കോട് ടൗണിൽ മദ്യലഹരിയിലെ പരാക്രമം; കാർ ഉടമക്കെതിരെ കേസ്


ആലക്കോട്: ആലക്കോട് ടൗണിൽ മദ്യലഹരിയിൽ കാറോടിച്ച് നിരവധി ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തകർത്ത് പരാക്രമം നടത്തുകയും മൂന്ന് യാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാർ ഉടമക്കെതിരെ പോലീസ് കേസെടുത്തു. കാപ്പിമല സ്വദേശിയും ആലക്കോട് മോറാനിൽ താമസക്കാരനുമായ മുലേപ്പറമ്പിൽ ജുബി ജോർജിനെ (47) തിരെയാണ് കേസ്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആലക്കോടിനെ നടുക്കിയ സംഭവം. കരുവൻചാൽ ഭാഗത്ത് നിന്ന് ആലക്കോട്ടേക്ക് വന്ന ഇയാൾ ന്യൂബസാറിൽ വെച്ച് കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കാൽനടയാത്രക്കാരിയായ വായാട്ടുപറമ്പിലെ മേലുകുന്നേൽ എൽസമ്മ (50), ഇരുചക്ര വാഹന യാത്രക്കാരായ ഫാ. അലക്സ് മുതുപ്പക്കൽ (29) വൈദികൻ, നിക്സൺ പാറയ്ക്കൽ (24) പേരാവൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. സബ് ഇൻസ്പെക്ടർ എസ്.കെ.എ എൽജോ ജോസിന്റെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തിയാണ് ജുബിയെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിനും യാത്രക്കാരെ പരിക്കേൽപ്പിച്ചതിനുമെതിരെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും റദ്ദാക്കുന്നതിന് പോലീസ് നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post