ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും


ദേഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റില്‍ ഉണ്ടായ സ്‌ഫാടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി അർജുൻ (30) ആണ് മരിച്ചത്.
അപകടത്തില്‍ അർജുൻ ഉള്‍പ്പടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. 66 പേർക്ക് പരിക്കേറ്റു.
റാസ് ലഫാൻ വ്യാവസായിക മേഖലയില്‍ ഞായറാഴ്ച വെെകിട്ടാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. ബർസാൻ ഗ്യാസ് സപ്ലെെ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കില്‍ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ റാസ് ലഫാനിലെ ഇന്ധന ഉല്‍പാദനം ഖത്തർ നിർത്തിവച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ ഇറാൻ ഇളവ് വരുത്തി. ഇതേത്തുടർന്നാണ് പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.
അതേസമയം, സ്‌ഫോടനം പ്രകൃതി വാതക ഉല്‍പാദനത്തെ ബാധിക്കില്ലെന്നും ഖത്തർ അറിയിച്ചു. അപകടത്തില്‍ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ബർസാൻ പ്ലാന്റില്‍ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകം ഉത്പാദിപ്പിച്ചിരുന്നുവെന്നാണ് വിവരം. പ്ലാന്റിന്റെ മുഴുവൻ ഭാഗവും ഖത്തറിന്റെ ഉടമസ്ഥയിലാണ്. പ്ലാന്റിന്റെ ചെറിയ ഓഹരി എക്സോണ്‍ മൊബിലിന്റെ കെെവശമുണ്ട്.

Post a Comment

Previous Post Next Post