ആലക്കോട് കാപ്പിമല പൈതല്‍മലയില്‍ മൂന്ന് പേർക്ക് മിന്നലേറ്റ് ഒരാള്‍ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ഇടിമിന്നല്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ വീണ്ടും സജീവമാകുന്നു.
മിന്നലേറ്റാല്‍ ശരീരത്തില്‍ വൈദ്യുതി ബാക്കിയുണ്ടാകുമെന്നും, അതിനാല്‍ അവരെ തൊടാൻ പാടില്ലെന്നുമുള്ളത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്. മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുതി നിലനില്‍ക്കില്ല എന്നതാണ് ശാസ്ത്രീയ സത്യം. അതിനാല്‍ യാതൊരു ഭയവും കൂടാതെ തന്നെ ഇവർക്ക് പ്രഥമശുശ്രൂഷയും ആവശ്യമെങ്കില്‍ സിപിആർ നല്‍കുകയും ചെയ്യാം. അതുപോലെ സ്വർണം ഉള്‍പ്പെടെയുള്ള ലോഹ ആഭരണങ്ങളോ വാച്ചോ മാറ്റുന്നതുകൊണ്ട് മിന്നലില്‍ നിന്നു രക്ഷപ്പെടാൻ കഴിയില്ലെന്നതും ശ്രദ്ധേയമാണ്.
ഇടിമിന്നലുള്ള സമയത്ത് പുറത്താണെങ്കില്‍ അതീവ ജാഗ്രതാ നിർദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലങ്ങളും കുന്നിൻ മുകളിലോ കെട്ടിടത്തിന് മുകളിലോ പോലുള്ള ഉയർന്ന പ്രദേശങ്ങളും ഒഴിവാക്കി സുരക്ഷിതമായ താഴ്ന്ന പ്രദേശങ്ങളിലേക്ക് മാറണം. മിന്നല്‍ എപ്പോഴും എളുപ്പത്തില്‍ ഭൂമിയിലെത്താൻ ഉയർന്ന പോയിൻ്റുകളാണ് തിരയുന്നത്. ഒറ്റപ്പെട്ട ഉയരമുള്ള മരങ്ങള്‍ മിന്നലിനെ വേഗത്തില്‍ ആകർഷിക്കുമെന്നതിനാല്‍ അവയ്ക്കടിയില്‍ നില്‍ക്കരുത്. വനത്തിലാണെങ്കില്‍ ചെറിയ മരങ്ങളുടെ അടുത്തു നില്‍ക്കുന്നതാണ് സുരക്ഷിതം. വൈദ്യുതി നിലത്തുകൂടി തിരശ്ചീനമായി പടരാൻ സാധ്യതയുള്ളതിനാല്‍ നിലത്തു കിടക്കുന്നത് അപകടകരമാണ്. കൂടാതെ ലോഹ വസ്തുക്കളിലൂടെയോ ഫോണ്‍ ലൈനുകളിലൂടെയോ വൈദ്യുതി വേഗത്തില്‍ സഞ്ചരിക്കുമെന്നതിനാല്‍ വേലികളും കമ്പികളും ഒഴിവാക്കണം. ഒരു കൂട്ടമായി പുറത്തുനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ ഓരോരുത്തരും തമ്മില്‍ 100 അടി എങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവർ ഗ്ലാസുകള്‍ താഴ്ത്താതെ കാറിനുള്ളില്‍ തന്നെ ഇരിക്കുന്നത് സുരക്ഷിതമാണ്. കാറിൻ്റെ ലോഹ കവചം ഉള്ളിലുള്ളവരെ സംരക്ഷിക്കും. നീന്തല്‍ക്കുളത്തിലോ പുഴയിലോ ആണെങ്കില്‍ മിന്നലുള്ള സമയത്ത് വെള്ളത്തില്‍ നിന്ന് പുറത്തിറങ്ങണം.
വീടിനുള്ളിലാണെങ്കിലും മിന്നല്‍ സമയത്ത് ചില സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. വയർ വഴി കണക്‌ട് ചെയ്ത ലാൻഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ഈ സമയത്ത് വലിയ അപകടത്തിന് കാരണമാകും. അതുപോലെ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കാനും പാടില്ല. ടിവി, കംപ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടേണ്ടത് അത്യാവശ്യമാണ്. സ്റ്റെബിലൈസറുകള്‍ വെച്ചതുകൊണ്ട് മാത്രം മിന്നലിനെ തടയാൻ കഴിയില്ല. പൈപ്പ് വെള്ളത്തിലൂടെ വൈദ്യുതി കടന്നുവരാൻ സാധ്യതയുള്ളതിനാല്‍, മിന്നലുള്ളപ്പോള്‍ കുളിക്കുന്നതും പാത്രം കഴുകുന്നതും ഉള്‍പ്പെടെ വെള്ളം ഉപയോഗിച്ചുള്ള ജോലികള്‍ ഒഴിവാക്കണം. അറിയാതെ ചെയ്യുന്ന ചെറിയ പിഴവുകള്‍ക്കുപോലും വലിയ വില കൊടുക്കേണ്ടി വരുമെന്നതിനാല്‍ അതീവ ജാഗ്രത അനിവാര്യമാണ്.
Post a Comment