കലഹം രൂക്ഷമായി, അമ്മ ഭരണസമിതി രാജിവച്ചു; മുഴുവൻ അംഗങ്ങളും രാജി സമര്‍പ്പിച്ചു


കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത തർക്കങ്ങള്‍ക്ക് പിന്നാലെ നടി ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി രാജിവച്ചു.
വാർഷിക ജനറല്‍ ബോഡി യോഗത്തിലെ തർക്കങ്ങള്‍ക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്‌ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും.
നിലവിലെ ഭരണസമിതിക്കെതിരെ അമ്മയിലെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് രാജിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലും തർക്കങ്ങള്‍ ഉയർന്നിരുന്നു. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം.

ഐഎഫ്‌എഫ്‌കെയില്‍ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തുവെന്നുമുള്ള കടുത്ത ആരോപണങ്ങള്‍ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ടെന്നാണ് വിവരം. വാർഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചർച്ചകളും വിമർശനങ്ങളും യോഗത്തില്‍ ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post