'പെര്‍മിറ്റ് ഇല്ല'; കോട്ടയം ഈരാറ്റുപേട്ടയില്‍ വീണ്ടും റോബിൻ ബസ് തടഞ്ഞ് എംവിഡി, പെര്‍മിറ്റ് ഇല്ലെങ്കില്‍ ഇത്രയും നാള്‍ ഓടാൻ സാധിക്കുമോ എന്ന് ബസ് ഉടമ


കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീണ്ടും റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ സർവീസ് നടത്തുന്നതിനിടെ ബസ് പരിശോധനയ്ക്കായി തടഞ്ഞത്.
ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കാരണം. ഇതോടെ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയാവുകയാണ്.
എന്നാല്‍ എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിൻ ഗിരീഷ് രംഗത്തെത്തി. ഓഗസ്റ്റ് 2 വരെ ബസിന് സാധുവായ പെർമിറ്റ് ഉണ്ടെന്നും നിയമാനുസൃതമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നുവെന്നും, അനാവശ്യമായാണ് ബസ് തടഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടുമണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചു. പിന്നില്‍ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവില്‍ പെർമിറ്റ് ഇല്ലെങ്കില്‍ ഇത്രയും നാള്‍ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു.
2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നല്‍കാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.

Post a Comment

Previous Post Next Post