കണ്ണൂർ: കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യവകുപ്പ്.
കണ്ണൂർ പാനൂരില്‍ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലാണ് പൂട്ടിച്ചത്. ഇവിടെനിന്ന് ഇന്നലെ വൈകിട്ടാണ് വിദ്യാർത്ഥികള്‍ മന്തികഴിച്ചത്. അല്പം കഴിഞ്ഞപ്പോള്‍ത്തന്നെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ഇവർ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയതിനെത്തുടർന്നായിരുന്നു നടപടി. ഇന്നലെ രാത്രിതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലില്‍ അടിയന്തര പരിശോധന നടത്തുകയും കൂടുതല്‍ പരിശോധന ആവശ്യമായതിനാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഭക്ഷണ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
Post a Comment