ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും


ബംഗളുരുവിന് സമീപം ചിക്കബെല്ലാപ്പൂര്‍ മുദ്ദേനഹള്ളിയിലെ ഹോംസ്‌റ്റേയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി.
ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ പി.പി സഞ്ജീത് അലി(28)യാണ് ചികിത്സയിലുള്ളത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
കഴുത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തൊട്ടടുത്തതായി സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കയറും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ഒരുമിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
സഞ്ജിത് അലിയാണ് മൂന്നുദിവസം മുന്‍പ് ഹോംസ്റ്റേയില്‍ മുറിയെടുത്തത്. സായ് സുരഭി പിന്നീട് ഇവിടെ എത്തുകയായിരുന്നുവെന്നാണ് നിഗമനം. തിങ്കളാഴ്ച ഇവര്‍ മുറിയൊഴിയുമെന്നൊണ് അറിയിച്ചിരുന്നതെങ്കിലും ഇരുവരെയും പുറത്ത് കാണാതിരുന്നതോടെ ഹോംസ്റ്റേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിലും യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച്‌ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പൊലിസില്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സഞ്ജീത് അലിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post