മലപ്പുറം: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്ന് കമ്പ്യൂട്ടറുകള്‍, മോട്ടോർ പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ പലതവണയായി മോഷ്ടിച്ച സംഭവത്തില്‍ ആറംഗ സംഘത്തെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
ദീർഘനാളായി ആശുപത്രിയില്‍ നിന്ന് വിവിധ ഉപകരണങ്ങള്‍ കാണാതാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്.
പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടി ബി ആശുപത്രിക്കടുത്തുള്ള ഷഹദ് (24), മുക്കാടി സ്വദേശി നാസില്‍ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരെയാണ് പൊന്നാനി പൊലീസ് സംഘം പിടികൂടിയത്.
ആശുപത്രിയില്‍ പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, മോട്ടോര്‍ പമ്പ് സെറ്റ്, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, ബാറ്ററികള്‍, ഇരുമ്പ് കമ്പികള്‍ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്. രാത്രി കാലങ്ങളില്‍ സ്‌കൂട്ടറുകളിലെത്തിയാണ് ഇവര്‍ ഒന്നിച്ച് സാമഗ്രികള്‍ പലപ്പോഴായി കടത്തിക്കൊണ്ടു പോയത്. പത്തു ദിവസം മുന്‍പാണ് ആശുപത്രിയില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ആശുപത്രി കെട്ടിടത്തിന് പിന്‍ഭാഗത്ത് ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ടത് കണ്ട് സംശയം തോന്നിയ അധികൃതര്‍ അവിടെ അടിയന്തരമായി സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി തന്നെ മോഷ്ടാക്കളെത്തി കമ്പികള്‍ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഈ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു.
തുടര്‍ന്ന് വിവിധയിടങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. മോഷ്ടിച്ച സാധനങ്ങള്‍ മാരാമുറ്റത്തുള്ള ഒരു ആക്രിക്കടയില്‍ വില്‍ക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് വിലകൂടിയ കാറുകള്‍ വാടകയ്ക്കെടുത്തും മറ്റും ആർഭാടമായി ജീവിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് സംഘം വിവിധ സമയങ്ങളില്‍ മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം പോയ സാമഗ്രികളില്‍ കമ്പ്യൂട്ടറുകള്‍, മോട്ടോർ പമ്പ് സെറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുവെന്നും ഇവയുടെ ആകെ മൂല്യം ലക്ഷങ്ങള്‍ വരുമെന്നും അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post a Comment