വനിതാ കോച്ചില്‍' കയറിയാല്‍ ഇനി കീശ കീറും...കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയില്‍വേ





ഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും തടയുന്നതിനും ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയില്‍വേ.
ഇത്തരക്കാരില്‍ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ (തല്‍ക്ഷണ പിഴ) ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും..
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളില്‍ പ്രവേശിക്കുന്ന പുരുഷന്മാരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ 2,500 രൂപ പിഴ ഈടാക്കാം. പിഴയ്ക്ക് പുറമേ, നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്നവർക്കെതിരെ 1989-ലെ റെയില്‍വേ ആക്‌ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും. ഇവരെ നിർദ്ദിഷ്ട കാലയളവിലേക്ക് ട്രെയിൻ യാത്രകളില്‍ നിന്ന് വിലക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്..

ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജൻ വിശ്വാസ് ആക്‌ട്, 2026 പ്രകാരമാണ് റെയില്‍വേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500 രൂപയില്‍ നിന്ന് 2500 രൂപയായി ഉയർത്തിയത്.
രാത്രികാല യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും (ആര്‍പിഎഫ്) ടിക്കറ്റ് പരിശോധന വിഭാഗവും (ടിടിഇ) കർശന പരിശോധന നടത്തും. ചക്കരക്കല്‍ വാർത്ത.
ദീർഘദൂര ട്രെയിനുകളിലെ വനിതാ കോച്ചുകള്‍ക്കായിരിക്കും പ്രത്യേക മുൻഗണന നല്‍കുക. പുതിയ നിയമത്തെക്കുറിച്ച്‌ യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകള്‍ക്കുള്ളിലും പ്രത്യേക അറിയിപ്പുകളും അനൗണ്‍സ്മെന്റുകളും നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post