അറ്റ്ലാന്‍റ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ഒരുകൂട്ടം ദ്വീപുകളെല്ലാം ചേർത്ത്, ആകെക്കൂടി പാലക്കാട് ജില്ലയുടെ വലുപ്പം പോലുമില്ലാത്തൊരു രാജ്യം- അവർ സ്വയം വിളിക്കുന്ന പേര് കാബോ വെർദെ, ലോകം വിളിക്കുന്നത് കേപ്പ് വെർദെ.ഇനി ഫുട്ബോള്‍ ആരാധകർ പറയും, അവരാദ്യമായി ലോകകപ്പ് കളിക്കാൻ വന്നത് വെറുതേയല്ല!
മുൻ ലോക ചാംപ്യൻമാരും നിലവിലുള്ള യൂറോപ്യൻ ചാംപ്യൻമാരും ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരുമായ സ്പെയ്നെയാണ് കാബോ വെർദെ ഗോള്‍രഹിത സമനിലയില്‍ തളിച്ചിരിക്കുന്നത്. ബസ് പാർക്കിങ് ഡിഫൻസ് എന്നു പരിഹസിക്കാം. ഗോളി വോസീന്യയുടെ മികവെന്ന് പുച്ഛിക്കാം. പക്ഷേ, അന്തിമ ഫലത്തിന് ഇനി മാറ്റമില്ല. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ മുൻ ചാംപ്യൻമാർക്കെതിരേ പോയിന്‍റ് നേടിയവർ- കാബോ വെർദെ.
ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരം പൂർത്തിയാകുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ സ്പെയ്നും കാബോ വെർദെയും തുല്യരാണ്. ഉറുഗ്വെയും സൗദി അറേബ്യയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇനി എന്തും സംഭവിക്കാം. അതാണ് കാബോ വെർദെ ഒരൊറ്റ രാത്രി കൊണ്ട് സൃഷ്ടിച്ചെടുത്ത പ്രതിഭാസം.
മത്സരത്തില്‍ 74 ശതമാനം സമയവും പന്ത് നിയന്ത്രിച്ചത് സ്പെയിൻ. പക്ഷേ, ബാക്കി 26% സമയം കാബോ വെർദെയ്ക്ക് ധാരാളമായിരുന്നു കാളക്കൂറ്റൻമാരെ മൂക്കുകയറിട്ട് നിയന്ത്രിച്ചു നിർത്താൻ. ഒരേയൊരു ഷോട്ടാണ് കാബോ വെർദെക്കാർ സ്പാനിഷ് ഗോള്‍ മുഖത്തേക്ക് ലക്ഷ്യം തെറ്റാതെ തൊടുത്തത്. സ്പെയിൻ എട്ടെണ്ണം. 764 പാസുകള്‍ സ്പാനിഷ് താരങ്ങളുടെ കാലുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ കാബോ വെർദെ പാസുകള്‍ വെറും 275!
Post a Comment