തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ കുല്‍ത്താലിയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റില്‍.
രണ്ട് പ്രായപൂർത്തിയാകാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 9-നാണ് കേരളത്തില്‍നിന്നുള്ള 30 വയസ്സുകാരൻ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.(Mob lynching, Malayali Man Lynched In West Bengal By Mob)കേരളത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് കുല്‍ത്താലിയില്‍ എത്തിയത്. സംഭവദിവസം രാവിലെ കുല്‍ത്താലിയിലെ സങ്കീജഹാൻ മാർക്കറ്റില്‍ ഒറ്റയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. വഴി തെറ്റിയതിനെത്തുടർന്ന് മാർക്കറ്റിലെത്തിയ യുവാവിനെ കണ്ട നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു.
ഭാഷാപരമായ തടസ്സം കാരണം തന്റെ ഐഡന്റിറ്റി വ്യക്തമാക്കാൻ യുവാവിന് കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ കയർ കൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുല്‍ത്താലി പോലീസ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോഷ്ടാവാണെന്ന സംശയത്തിലാണ് നാട്ടുകാർ മർദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പേര് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Post a Comment