തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ തുടരണമോയെന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ നിയമസഭയില്‍ അറിയിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി തുടരുന്നതില്‍ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുമെന്നും, അതിനുള്ള ഉത്തരവ് നാളെ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 24-ാം തീയതി മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി പെൻഷൻ തുക 3000 രൂപയായി വർധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കുമെന്നും, അനർഹർ ഉള്‍പ്പെട്ടിട്ടുണ്ടോ, അർഹരായവർ പുറത്തായിട്ടുണ്ടോ എന്നിവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവരുടെ ബന്ധുക്കള്‍ക്കും പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭയില്‍ ചർച്ചയായി. അർഹരായവർക്ക് സഹായം നഷ്ടപ്പെടരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
Post a Comment