തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വൻ ആശ്വാസവും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയും നല്‍കി ആഭരണ വിപണിയില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു.
കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയുടെ വൻ വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്രയും വലിയ വിലയിടിവിന് കാരണമായത്. യുഎസിലെ തൊഴില്‍ വിപണി പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി കരുത്ത് തെളിയിച്ചതോടെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനകള്‍ പുറത്തുവന്നു.
ഇതോടെ, വരും ദിവസങ്ങളില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് തയാറായേക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായി. പലിശനിരക്ക് ദീർഘകാലം ഉയർന്ന നിലയില്‍ തന്നെ തുടരുമെന്ന ഈ ആശങ്ക ഡോളറിന്റെയും യുഎസ് കടപ്പത്ര നിരക്കുകളുടെയും മൂല്യം വർദ്ധിപ്പിച്ചു.
ഇതേത്തുടർന്ന് ആഗോളതലത്തില്‍ സ്വർണ നിക്ഷേപ പദ്ധതികളില്‍ (ഗോള്‍ഡ് ഇടിഎഫ്) നിന്നുള്ള നിക്ഷേപം വൻതോതില്‍ വിറ്റൊഴിയാൻ തുടങ്ങിയത് വിലയെ താഴേക്ക് പതിപ്പിച്ചു. ഡോളർ ശക്തി പ്രാപിക്കുന്നത് സാധാരണയായി സ്വർണത്തിന്റെ ആഗോള ഡിമാൻഡിനെ ബാധിക്കാറുണ്ട്.
ഇതിന്റെ പ്രതിഫലനമെന്നോണം രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന് 148.66 ഡോളർ ഇടിഞ്ഞ് 4238.6 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Post a Comment