ഫിഫ ലോകകപ്പ് 2026; ജര്‍മനിയെ പരാജയപ്പെടുത്തി ഇക്വഡോര്‍


ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഇയിലെ മല്‍സരത്തില്‍ കരുത്തരായ ജര്‍മനിയെ അട്ടിമറിച്ച്‌ ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്തി.

രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയിലൂടെ മുന്നിലെത്തിയ ജര്‍മനിക്കെതിരേ പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് എക്വഡോര്‍ അവരുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ എക്കാലവും ഓര്‍ത്തിരിക്കാവുന്ന ജയം നേടിയത്. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി എക്വഡോര്‍ നോക്കൗട്ട് ഘട്ടത്തിന് യോഗ്യത നേടി. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ ആറ് പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ഇ ചാംപ്യന്‍മാരായി നോക്കൌട്ടിന് യോഗ്യനേടി.
മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ ലീറോയ് സാനെയിലൂടെ ജര്‍മനി ലീഡ് എടുത്തു. ഏറെ വൈകാതെ ഒന്‍പതാം മിനിറ്റില്‍ നില്‍സണ്‍ ആംഗുലോയയിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. 77ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിര്‍ണ്ണായക വിജയവും നോക്കൗട്ട് പ്രതീക്ഷയും സമ്മാനിച്ചത്. പെഡ്രോ വൈറ്റിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് കെവിന്‍ റോഡ്രിഗസ് ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍, പ്ലാറ്റ കൃത്യമായ ടച്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 2013ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനെതിരേ ഇക്വഡോര്‍ നേടുന്ന ആദ്യ വിജയമാണിത്. 2006ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നത്.
ജര്‍മനിയുടെ തുടര്‍ച്ചയായ 11 വിജയങ്ങളുടെ കുതിപ്പാണ് ഈ മല്‍സരത്തോടെ അവസാനിച്ചത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച്‌ നേരത്തെ തന്നെ ജര്‍മനി നോക്കൗട്ട് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ഫോക്സ്ബറോയിലാണ് ജര്‍മനിയുടെ നോക്കൗട്ട് മല്‍സരം. അതേസമയം മറ്റൊരു മല്‍സരത്തില്‍ ക്യുറസാവോയെ തോല്‍പ്പിച്ച്‌ ഐവറികോസ്റ്റ് ചരിത്രത്തിലാദ്യമായി നോക്കൌട്ടിലെത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഉറപ്പിച്ചത്. നാല് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇക്വഡോറും നോക്കൌട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post