17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്ത് വിവാഹത്തിന് തയ്യാറെടുപ്പുകള്‍; അതിനിടെ പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി


പൂനെ | മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയില്‍ പ്രതിശ്രുത വരനെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും പിടിയിലായി.
പൂനെ ഗാഹുഞ്ചെ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഡയറക്ടറുമായ കേതൻ അഗർവാള്‍ (26) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിശ്രുത വരൻ സിയ ഗോയല്‍, ഇവരുടെ കാമുകൻ ചേതൻ ബാബുലാല്‍ ചൗധരി (22) എന്നിവരെ ലോനാവാല റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 18 വ്യാഴാഴ്ച സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കേതൻ സിയയോടൊപ്പം ലഹോഡ് കോട്ടയില്‍ ട്രെക്കിംഗിനായി പോയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാല്‍വഴുതി വീണെന്നാണ് സിയ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മലയിടുക്കില്‍ നിന്ന് കേതന്റെ മൃതദേഹം പുറത്തെടുത്തത്. എന്നാല്‍ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ സിയയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മൊബൈല്‍ ഡാറ്റ, കോള്‍ റെക്കോർഡുകള്‍, സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് മരണത്തില്‍ സംശയം ഉയർന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ വർഷം അവസാനം നടക്കാനിരുന്ന വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരില്‍ 17 കോടി രൂപയുടെ കൊട്ടാരം വരെ കുടുംബങ്ങള്‍ ബുക്ക് ചെയ്തിരുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അതിഥികള്‍ക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇരു കുടുംബങ്ങളും വലിയ സന്തോഷത്തോടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.
സിയക്ക് ചേതനുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും കേതനെ ഇതിന് തടസ്സമായി കണ്ടതിനാലാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്‍ വ്യക്തമാക്കി. സിയ കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുവരികയും തുടർന്ന് ചേതനെ ഇവിടേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ചേതൻ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് സിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ജൂണ്‍ 14 നും സിയ കേതനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കേതന്റെ പിതാവ് വിശാല്‍ അഗർവാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്ന് കോട്ടയില്‍ വെച്ച്‌ സിയ കേതനെ തള്ളിയിട്ടെങ്കിലും ഒരു കാട്ടുചെടിയില്‍ പിടിച്ച്‌ കേതൻ രക്ഷപ്പെടുകയായിരുന്നു. ഈ സമയം കാര്യം പുറത്താകാതിരിക്കാൻ പാമ്പ് പാമ്പ് എന്ന് ഭയന്ന് നിലവിളിച്ച്‌ സിയ കേതനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന് മുമ്പ് ബാലിയിലേക്ക് പോകാൻ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കേതന്റെ പാസ്പോർട്ട് ദുരൂഹമായ സാഹചര്യത്തില്‍ കാണാതാവുകയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post