ക്ലിക്ക് ചെയ്താല്‍ തീര്‍ന്നു, അനുവാദം ചോദിക്കാതെ ഫോട്ടോ പോസ്റ്റാകും; ഇൻസ്റ്റാഗ്രാമിലെ പുതിയ 'ഇൻസ്റ്റന്റ്സ്' പുലിവാല്‍!

ഇൻസ്റ്റാഗ്രാം തുറന്നാല്‍ ഇപ്പോള്‍ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന പുതിയ ഫീച്ചറിനെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും.
'പണി കിട്ടിയോ', 'പണി കിട്ടുമോ' എന്നിങ്ങനെയുള്ള ആശങ്കകളും ചോദ്യങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഇൻസ്റ്റന്റ്സ് ഓപ്ഷൻ തുറക്കുമ്പോള്‍ കാണുന്ന ക്യാമറ ഐക്കണില്‍ അറിയാതെ ക്ലിക്ക് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ചിത്രങ്ങള്‍ അയക്കപ്പെടുന്നു എന്നാണ് വ്യാപകമായ പരാതി.ഇത്തരത്തില്‍ ഫോട്ടോ സെന്റായാല്‍, ചിത്രം പോസ്റ്റ് ചെയ്യട്ടേ എന്ന അനുവാദം പോലും ചോദിക്കാതെ അത് ഉടൻ തന്നെ നിങ്ങളുടെ ക്ലോസ് ഫ്രണ്ട്സിനോ മ്യൂച്വല്‍ ഫോളോവേഴ്സിനോ ഇൻസ്റ്റന്റ്സ് ഫീഡില്‍ കാണാനാകും. അബദ്ധത്തില്‍ ഫോട്ടോകള്‍ പോസ്റ്റായി ഇതിനോടകം തന്നെ പലരും വലിയ പുലിവാല്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇൻസ്റ്റന്റ്സ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും ഈ ഫീച്ചർ തന്നെ ഹൈഡ് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇൻസ്റ്റാഗ്രാമിലുണ്ട്. എന്താണ് ഇൻസ്റ്റാഗ്രാം ഇൻസ്റ്റന്റ്സ് എന്ന് പരിശോധിക്കാം.
എന്താണ് ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റന്‍റ്‌സ്?
ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണ് ഇന്‍സ്റ്റന്‍റ്‌സ് എന്നത്. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഡിസപ്പിയറിംഗ് രീതിയില്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇന്‍സ്റ്റന്‍റ്‌സ് എന്ന ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഡിഎം തുറന്നാലാണ് ഈ ഓപ്ഷന്‍ കാണാനാവുക. ക്ലോസ് ഫ്രണ്ട്‌സുമായും മ്യൂച്വല്‍ ഫോളോവേഴ്‌സുമായാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കിടാന്‍ കഴിയുന്നത്. സ്റ്റോറികളില്‍ നിന്നും ഫീഡ് പോസ്റ്റുകളില്‍ നിന്നും വ്യത്യസ്‌തമായി, ആളുകള്‍ കണ്ടുകഴിഞ്ഞാല്‍ ഈ ചിത്രം അപ്രത്യക്ഷമാകുകയും ചെയ്യും. ഇന്‍സ്റ്റന്‍റ്‌സ് ചിത്രങ്ങളോട് ആളുകള്‍ക്ക് സ്വകാര്യമായി റിയാക്‌ട് ചെയ്യാനാകും. എന്നാല്‍ ഇതിന് പബ്ലിക് വ്യൂവേഴ്‌സ് ലിസ്റ്റ് ഉണ്ടാകില്ലെന്നു മാത്രം.
ഇന്‍സ്റ്റന്‍റ്‌സ് ഫീച്ചര്‍ എങ്ങനെ ഹൈഡ് ചെയ്യും?

ഇന്‍സ്റ്റഗ്രാം തുറന്ന് പ്രൊഫൈലില്‍ പ്രവേശിക്കുക. ഏറ്റവും മുകളില്‍ വലത് വശത്തായുള്ള ത്രീ-ലൈന്‍ മെനുവില്‍ ടാപ് ചെയ്‌ത് 'കണ്ടന്‍റ് പ്രിഫറന്‍സസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അവിടെ 'വാട്ട് യൂ സീ' എന്ന ഓപ്ഷന്‍ കാണാം. അതില്‍ പ്രവേശിച്ച്‌ 'ഹൈഡ് ഇന്‍സ്റ്റന്‍റ്‌സ് ഇന്‍ ഇന്‍ബോക്‌സ്' എന്ന ഓപ്ഷന്‍ ടേണ്‍ ഓണ്‍ ചെയ്‌താല്‍ ഇന്‍സ്റ്റഗ്രാം ഡിഎം ഇന്‍ബോക്‌സില്‍ നിന്ന് ഇന്‍സ്റ്റന്‍റ്‌സ് ഓപ്ഷന്‍ തനിയെ ഒഴിവാക്കാം.
ഇനി ഇന്‍സ്റ്റന്‍റ്‌സ് വഴി ചിത്രങ്ങള്‍ അയച്ചാലുടന്‍ അത് അണ്‍ഡു ചെയ്യാനുള്ള അവസരവും ഇന്‍സ്റ്റഗ്രാമിലുണ്ട്. അബദ്ധത്തില്‍ പോസ്റ്റ് ആയാലും മറ്റാരും കാണും മുമ്പ് ഫോട്ടോ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഇന്‍സ്റ്റന്‍റ്‌സിലെ ക്യാമറ സ്‌ക്രീനില്‍ കാണുന്ന 'ആര്‍ക്കൈവ്' സെക്ഷനില്‍ ടാപ് ചെയ്‌ത് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം നല്‍കുന്നുണ്ട്.

Post a Comment

Previous Post Next Post