ഇന്ത്യയുടെ ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് സ്വര്‍ണ്ണ ജേതാവുമായ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു


ഇന്ത്യയുടെ പ്രശസ്ത ഒളിമ്പ്യനും ഏഷ്യൻ ഗെയിംസിലെ ആദ്യത്തെ ഷൂട്ടിങ് സ്വർണ്ണമെഡല്‍ ജേതാവുമായ രാജാ രണ്‍ധീർ സിങ് (79) അന്തരിച്ചു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) മുൻ സെക്രട്ടറി ജനറലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) മുൻ അംഗവുമായിരുന്നു. അർജുന അവാർഡ് ജേതാവായ അദ്ദേഹം ദീർഘകാലമായി കായിക ഭരണരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
1987 മുതല്‍ 2012 വരെയുള്ള നീണ്ട 25 വർഷക്കാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കായിക രംഗത്തെ മികച്ച പ്രവർത്തനങ്ങള്‍ മുൻനിർത്തി 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഓണററി അംഗമായും പ്രവർത്തിച്ചു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ (OCA) തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രണ്‍ധീർ സിങ്. അനാരോഗ്യത്തെ തുടർന്ന് രണ്ട് വർഷം മുൻപാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്.
1978-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലാണ് രണ്‍ധീർ സിങ് ട്രാപ്പ് ഷൂട്ടിങ്ങില്‍ സ്വർണ്ണം നേടി ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണമെഡലായിരുന്നു ഇത്. തുടർച്ചയായി അഞ്ച് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. കായിക ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ രാജ്യം അദ്ദേഹത്തെ അർജുന അവാർഡ് നല്‍കി ആദരിച്ചു. വിനിതയാണ് ഭാര്യ. പ്രമുഖ ട്രാപ്പ് ഷൂട്ടർ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവർ മക്കളാണ്. രണ്‍ധീർ സിങ്ങിന്റെ വിയോഗത്തില്‍ ഇന്ത്യൻ കായിക ലോകം ആദരാഞ്ജലികള്‍ അർപ്പിച്ചു.

Post a Comment

Previous Post Next Post