വൈദ്യുതി മോഷ്ടാക്കള്‍ ജാഗ്രതൈ! വരുന്നത് വൻ പിഴയും തടവുശിക്ഷയും; മുന്നറിയിപ്പുമായി കെഎസ്‌ഇബി


തിരുവനന്തപുരം:  വൈദ്യുതി മോഷണം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കുന്നു.വൈദ്യുതി മോഷണം പിടിക്കപ്പെട്ടാല്‍ 2003-ലെ ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരം ഉടനടി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം വൻതുക പിഴയായും ഈടാക്കും. കൂടാതെ, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു.
എന്നാല്‍, വൈദ്യുതി മോഷണം നടത്തുന്നവർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് സ്വമേധയാ കെഎസ്‌ഇബിയെ വിവരം അറിയിക്കുകയും നിർദ്ദിഷ്ട പിഴ അടച്ചുതീർക്കുകയും ചെയ്താല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാകാം. ഇത്തരത്തില്‍ നിയമപരമായ നടപടികളില്‍ നിന്ന് ഒഴിവാകാനും തെറ്റ് തിരുത്തുവാനും ഒരാള്‍ക്ക് തന്റെ ജീവിതകാലയളവില്‍ ഒരൊറ്റ തവണ മാത്രമേ അവസരം ലഭിക്കൂ എന്നും കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച്‌ അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ എസ് ഇ ബി പാരിതോഷികം നല്‍കും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോണ്‍ നമ്പറുകളും കെഎസ്‌ഇബി ഫെയ്സ്ബുക് പോസ്റ്റില്‍ പരസ്യപ്പെടുത്തി.

Post a Comment

Previous Post Next Post