ഉത്തർപ്രദേശില്‍ നാശംവിതച്ച് കനത്ത മഴയും കാറ്റും തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 26 ജില്ലകളില്‍ തുടരുന്ന മഴക്കെടുതിയില്‍ 111 പേർ മരിക്കുകയും 72 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും കെട്ടിടങ്ങള്‍ തകർന്നുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിട്ടുള്ളത്. പ്രയാഗ് രാജ്, മിർസാപൂർ, ഭദോഹി, ഫത്തേപൂർ, ബറേലി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഴക്കെടുതിയില്‍ 170 മൃഗങ്ങള്‍ ചാവുകയും 227 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഫത്തേപൂരില്‍ മാത്രം 11 പേർ മരിക്കുകയും 16 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭാദോഹിയിലെ റാംപൂരില്‍ ഗംഗാ ഘട്ടിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടർന്ന് നിരവധി പേർ നദിയില്‍ വീണെങ്കിലും എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ മിർസാപൂരിലെ ഗൗര പ്രമാൻപൂരില്‍ പാലം തകർന്നതിനെ തുടർന്ന് 20 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരിതബാധിതർക്ക് 24 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കും. വിളനാശം, കന്നുകാലികളുടെ മരണം എന്നിവയ്ക്കും പ്രത്യേക നഷ്ടപരിഹാരം നല്‍കും. ഓരോ മൂന്ന് മണിക്കൂറിലും സ്ഥിതിഗതികള്‍ റിപ്പോർട്ട് ചെയ്യാൻ ജില്ലാ അധികാരികളോട് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment