2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സംപ്രേഷണാവകാശം ഏറ്റെടുക്കാൻ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.സംപ്രേഷണത്തിന് ഫിഫ ആവശ്യപ്പെടുന്ന ഉയർന്ന തുകയും അമേരിക്കയിലെ മത്സരസമയക്രമവും കാരണം പ്രമുഖ ചാനലുകള്‍ പിൻവാങ്ങിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ ദൂരദർശനിലൂടെയും ഡിഡി സ്‌പോർട്‌സിലൂടെയും സൗജന്യമായി കാണിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രസാർ ഭാരതി ഈ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ഹർജിക്കാരനായ അഡ്വക്കേറ്റ് അവധേഷ് ബൈർവ പിന്നീട് ഈ ഹർജി പിൻവലിക്കുകയും മറ്റൊരു കോടതിയെ സമീപിക്കാൻ അനുമതി തേടുകയും ചെയ്തു.
2026, 2030 ലോകകപ്പുകളുടെ സംപ്രേഷണത്തിനായി ഫിഫ ആദ്യം ഏകദേശം 100 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഇത് 35 ദശലക്ഷം ഡോളറാക്കി കുറച്ചു. ജിയോ സ്റ്റാർ സമർപ്പിച്ച 20 ദശലക്ഷം ഡോളറിന്റെ ലേലത്തുക ഫിഫ നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.
മത്സരങ്ങള്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്നതിനാല്‍ ഇന്ത്യയില്‍ അവ അർധരാത്രിയിലോ അതിരാവിലെയോ ആയിരിക്കും സംപ്രേഷണം ചെയ്യുക. ഇത്രയും വലിയ തുക മുടക്കി അവകാശം വാങ്ങിയാല്‍ ലാഭകരമാകുമോ എന്ന ആശങ്ക സംപ്രേഷകർക്കുണ്ട്.
Post a Comment