തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെ, ഹൈക്കമാൻഡ് നിരീക്ഷകരുടെ പക്കലുള്ള അതീവ രഹസ്യ രേഖ പുറത്തായി.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന സൂചന നല്‍കുന്ന പട്ടികയാണ് പുറത്തുവന്നത്. ഹൈക്കമാൻഡ് പ്രതിനിധി മുകുള്‍ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന ലിസ്റ്റിന്റെ ചിത്രം 'ഇന്ത്യൻ എക്‌സ്പ്രസ്' ആണ് പുറത്തുവിട്ടത്. എംഎല്‍എമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം നിരീക്ഷകർ പുറത്തിറങ്ങിയപ്പോള്‍ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.
എംഎല്‍എമാരുടെ പേരും അതിന് നേരെയുള്ള കോളത്തില്‍ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുള്‍ വാസ്‌നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ഇതില്‍ പത്തോളം എംഎല്‍എമാരുടെ പേരുകള്‍ കാണാം. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎല്‍എമാരുടെ പേരുകള്‍ ഇതില്‍ കൃത്യമായി കാണാൻ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.
പട്ടികയില്‍ ഒന്നാമനായുള്ള കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല. ഉദുമയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് കെ. നീലകണ്ഠൻ.
Post a Comment