മുഖ്യമന്ത്രി കസേരയ്ക്ക് വടംവലി: ആലക്കോട് കെ.സി. വേണുഗോപാലിനെതിരെ 'ബാനർ യുദ്ധം'


ആലക്കോട്:കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, അടുത്ത മുഖ്യമന്ത്രി ആരണമെന്ന തർക്കം തെരുവുകളിലേക്ക് പടരുന്നു. ആലക്കോട് പഞ്ചായത്തിലെ സൗത്ത് പെരിങ്ങാലയിലാണ് (ചുണ്ടമുക്ക്) എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പരിഹാസ രൂപേണയുള്ള ബാനർ പ്രത്യക്ഷപ്പെട്ടത്.

"മോനെ കോവാലാ... ഈ പരിപ്പ് ഇരിക്കൂറിൽ വേവില്ല. ഇരിക്കൂറിന്റെ കട്ടിൽ കണ്ടു മോൻ പനിക്കേണ്ട"എന്നാണ് ബാനറിലെ വരികൾ.

വേണുഗോപാലിന്റെ ചിത്രം സഹിതം പ്രത്യക്ഷപ്പെട്ട ബാനർ ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംസ്ഥാനത്തുടനീളം വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വേണ്ടി അണികൾ പോസ്റ്റർ യുദ്ധം നടത്തുന്നതിനിടെയാണ് ഇരിക്കൂർ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സൗത്ത് പെരിങ്ങാലയിൽ ഇത്തരമൊരു പ്രതിഷേധം. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്ന പ്രാദേശിക യു.ഡി.എഫ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

തിരുവനന്തപുരത്തും ഡൽഹിയിലും മുഖ്യമന്ത്രി പദത്തിനായി തിരക്കിട്ട ചർച്ചകൾ നടക്കുമ്പോഴും, മലബാറിലെ കോൺഗ്രസ് കോട്ടകളിൽ വേണുഗോപാലിനെതിരെയുള്ള വികാരം ആഞ്ഞടിക്കുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാർലമെന്ററി പാർട്ടി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ തീരുമാനം വരാനിരിക്കെ, ഇത്തരം ബാനറുകൾ വരുന്നത് അണികൾക്കിടയിലുള്ള ചേരിതിരിവ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post