പഹല്‍ഗാമിലെ ചോരയ്ക്ക് മറുപടി, ഓപ്പറേഷന്‍ സിന്ദൂര്‍, പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം


ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി, ഓപ്പറേഷൻ സിന്ദൂർ സൈനികാക്രമണത്തിന് ഇന്ന് ഒന്നാം വാർഷികം.
2025 മെയ് 7 മുതല്‍ 9 വരെ നടന്ന സൈനികാക്രമണത്തില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളാണ് തകർത്തത്. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് ജയ്പൂരില്‍ പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.ഇന്ത്യ ഒന്നും മറക്കില്ല, പൊറുക്കില്ല' എന്ന ശക്തമായ സന്ദേശവുമായി വ്യോമസേനയും, ആര്‍മിയും വീഡിയോ പുറത്തുവിട്ടു. 1 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ വർഷം ഓപ്പറേഷൻ ആരംഭിച്ച അതേ സമയമായ പുലർച്ചെ 1:05-ന് തന്നെ എക്‌സില്‍ പങ്കുവെച്ചു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സൈന്യം ഇതിലൂടെ വീണ്ടും ആവർത്തിച്ചു. ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും തകർക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. "ഓരോ ഭീകരനെയും അവർക്ക് പിന്നില്‍ പ്രവർത്തിക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും" എന്ന് മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു വീഡിയോ കരസേനയും പുറത്തിറക്കി.
ഓപ്പറേഷൻ സിന്ദൂർ
ഏപ്രില്‍ 22നാണ് രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരത്തിന് എത്തിയവർ ഉള്‍പ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായി ജയ്ശെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിലെ നൂറില്‍പ്പരം ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ പാക് സംഘർഷം രൂക്ഷമായി. ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദിജല കരാർ റദ്ദാക്കിയിരുന്നു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇന്ത്യ പാക് അതിർത്തിയില്‍ സംഘർഷം തുടർന്നത്. കര, നാവിക, വ്യോമ സേനങ്ങള്‍ ഒന്നിച്ച്‌ ആക്രമണം നടത്തിയത്.
സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്ക് ഒടുവില്‍ മെയ് 10ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിർത്തല്‍ ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവാക്കി എന്ന യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും വലിയ വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഓപ്പറേഷൻ സിന്ദൂർ - പേരിന് കാരണം
പഹല്‍ഗാമിന് തിരിച്ചടി നല്‍കിയ ആക്രമണത്തിന് ഇന്ത്യ ഇട്ട പേര് ഓപ്പറേഷൻ സിന്ദൂർ എന്നാണ്. തിരിച്ചടി വിവരം അറിയിക്കാൻ ഇന്ത്യൻ സൈന്യം പങ്ക് വച്ച പോസ്റ്റിലും ചിതറി തെറിച്ച സിന്ദൂരത്തിന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. പഹല്‍ഗാമിലെ താഴ്വരയില്‍ ജീവൻ വെടിയേണ്ടി വന്നവരുടെ ഭാര്യമാർക്കുള്ള ആദരമാണ് ഈ പേര്. ഇന്ത്യൻ സംസ്കാരം അനുസരിച്ച്‌, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് സ്ത്രീകള്‍ സിന്ദുരം ഇടുന്നത്.

Post a Comment

Previous Post Next Post