ആലക്കോട്:ആലക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വൻതോതിൽ വർദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇന്ന് രാവിലെ ടൗണിൽ വെച്ച് വഴിയാത്രക്കാരിയായ ഒരു യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മൃഗാശുപത്രി റോഡിൽ വെച്ചാണ് സംഭവം നടന്നത്. ആലക്കോട് സ്വദേശിനിയായ ഈ യുവതിയെ നായ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഈ യുവതിക്ക് പുറമെ, ടൗണിലൂടെ കടന്നുപോയ മറ്റ് ഒട്ടേറെ കാൽനടയാത്രക്കാർക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണശ്രമം ഉണ്ടായി. ഭാഗ്യം കൊണ്ടാണ് ഇവർ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
നിലവിൽ ആലക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ തെരുവുനായ്ക്കളാണ് കൂട്ടംകൂടി തമ്പടിച്ചിരിക്കുന്നത്. ഇവയുടെ അക്രമം ഭയന്ന് ടൗണിലൂടെ സ്വൈര്യമായി വഴിനടക്കാൻ പോലും കഴിയാത്ത അതീവ ഗുരുതരമായ അവസ്ഥയിലാണ് പ്രദേശവാസികൾ.
ടൗണിലെ തെരുവുനായ ശല്യം അടിയന്തരമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ വാർഡ് മെമ്പർ സി.ജി ഗോപൻ ആലക്കോട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Post a Comment