വരുന്ന അഞ്ച് ദിവസം ഇന്ത്യക്കാര്‍ക്ക് നിര്‍ണായകം; പെട്രോള്‍ വിലയില്‍ വലിയ മാറ്റം വരാൻ പോകുന്നുവെന്ന് വിദഗ്ദ്ധർ


രണ്ടാഴ്‌ചയ്‌ക്കിടെ പല തവണ ഇന്ധനവിലയില്‍ വർദ്ധനവുണ്ടായി. ഇന്ന് രാജ്യത്തെ പല നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.പശ്ചിമേഷ്യയില്‍ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിലകരാറിലെത്തുമെന്ന പ്രതീക്ഷ വന്നതോടെ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറില്‍ (9,525) താഴെയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പോലും ഇന്ത്യയില്‍ ഇന്ധനവില കൂടി. എന്താണ് രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്നത്? ഇനിയും വില വർദ്ധിക്കുമോ? തുടങ്ങിയ ഓരോ കാര്യങ്ങളും സൂക്ഷ്‌മമായി പരിശോധിക്കാം.

ഇന്ത്യയിലെ വിലവർദ്ധനവ്

ഈ മാസം പകുതി മുതല്‍ നാല് തവണ ഇന്ധനവില വർദ്ധിപ്പിച്ചു. ഇന്നലെയാണ് ഏറ്റവും ഒടുവില്‍ ഇന്ധനവില വർദ്ധിപ്പിച്ചത്. 11 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും എട്ട് രൂപയിലധികം കൂടി. ഈ 11 ദിവസവും അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ബാരലിന് 109 ഡോളർ (10,382.25 രൂപ) ആയിരുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയാണ് ഇപ്പോള്‍ 100 ഡോളറില്‍ താഴെയായത്. മാത്രമല്ല, ബാരലിന് 105 ഡോളറായിരുന്ന (9,991.25 രൂപ) ‌ഡബ്ല്യുറ്റിഐ ക്രൂഡ് ഓയിലിന് ഇപ്പോള്‍ വില ബാരലിന് 91 ഡോളർ (8,667.75 രൂപ) ആണ്.

പശ്ചിമേഷ്യല്‍ യുദ്ധം തന്നെയാണ് അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ പെട്ടെന്നുള്ള മാറ്റം വരുത്തുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബ്രെന്റ് ക്രൂഡിന് വില ബാരലിന് ഏകദേശം 70 ഡോളറായിരുന്നു (6,667.50 രൂപ). അന്താരാഷ്‌ട്ര വില നമുക്ക് ലഭിക്കുന്ന പെട്രോളിന്റെ വിലയില്‍ പ്രതിഫലിക്കാൻ കാലതാമസമെടുക്കും. പ്രതിദിനം ഏകദേശം അഞ്ച് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയ്‌ക്ക് ആവശ്യം. അതിന്റെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ക്രൂഡ് ഓയില്‍ വാങ്ങി ശേഖരിക്കും. അതിനാല്‍, ഇപ്പോള്‍ പമ്പുകളില്‍ ലഭിക്കുന്ന ഇന്ധനം എണ്ണവില വളര ഉയർന്നുനിന്ന സമയത്ത് വാങ്ങിയ ക്രൂഡ് ഓയിലില്‍ നിന്നുള്ളതാണ്.

അതായത്, നാളെ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറായി (6,667.50 രൂപ) കുറഞ്ഞാലും ഇറാനും യുഎസും യുദ്ധം അവസാനിപ്പിച്ചാലും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ വില കുറയ്‌ക്കണമെങ്കില്‍ ആഴ്‌ചകളും മാസങ്ങളും എടുക്കും. മാത്രമല്ല, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഡോളറിലാണ്. അതിനാല്‍, ഡോളറിനെതിരെ രൂപ ദുർബലമാകുമ്പോള്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാകും. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇതായിരുന്നു അവസ്ഥ. ഇതും ഇന്ധനവിലയെ സ്വാധീനിക്കുന്നു. ഇന്ധനം പെട്രോളപമ്പിലെത്തുമ്പോള്‍ അധിക നികുതികളും ചുമത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ പെട്രോളിനും ഡീസലിനും കനത്ത എക്‌സൈസ് തീരുവയും വാറ്റും ചുമത്തുന്നുണ്ട്. ഇതും ഇന്ധനവിലയുടെ പ്രധാന ഭാഗമാണ്.

ഇന്ധനവില ഇനിയും വർദ്ധിക്കുമോ?

ഇന്ധനവില വർദ്ധനവില്‍ ജനങ്ങള്‍ക്ക് എതി‌പ്പുണ്ടെങ്കിലും ആഗോള ഊർജ്ജ ആഘാതത്തില്‍ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎല്‍) എന്നിവ അതിനുവേണ്ട നിലപാട് സ്വീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ കമ്പനികള്‍ ഇന്ധനവില ഉയർത്താതെ പ്രതിദിനം 1,600 മുതല്‍ 1,700 കോടി രൂപ വരെ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളർ കടന്നപ്പോഴാണ് ഇത് സംഭവിച്ചത്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായുണ്ടായ നഷ്‌ടം നികത്താൻ ഇന്ത്യൻ എണ്ണക്കമ്പനികള്‍ ലിറ്ററിന് 28 മുതല്‍ 33 രൂപ വരെ വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാല്‍, അടുത്ത കാലത്തൊന്നും ഇന്ധനവിലയില്‍ കുറവുണ്ടാകില്ല എന്നും അവർ വ്യക്തമാക്കി. 2027 വരെ എണ്ണ വിപണികള്‍ ബുദ്ധിമുട്ടേറിയതാകും. എന്നാല്‍, ഇപ്പോഴത്തെ വിലവർദ്ധനവില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സ്ഥിരത വരുമെന്നാണ് റിപ്പോർട്ട്.


Post a Comment

Previous Post Next Post