അമരാവതി: സംസ്ഥാനത്തെ ജനസംഖ്യ നിരക്കിലുണ്ടായ കുറവ് പരിഹരിക്കുന്നതിന് നിർണായക പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40000 രൂപയും സർക്കാർ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശ്രീകാക്കുളം ജില്ലയിലെ നരസന്ന പേട്ടയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഒരിക്കല്‍ ജനസംഖ്യാ നിയന്ത്രണത്തിന് വാദിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനന നിരക്ക് വർദ്ധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നല്‍കുന്നത് സർക്കാർ പരിഗണിക്കുന്നതായി കഴിഞ്ഞ മാർച്ച് മാസത്തില്‍ നായിഡു അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
കുഞ്ഞുങ്ങള്‍ ജനിച്ച ഉടൻ തന്നെ ഈ പണം കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുമാനം വർദ്ധിക്കുന്നതിന് അനുസരിച്ച് പല ദമ്പതിമാരും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും ആദ്യത്തെ കുട്ടി ആണ്‍കുട്ടിയല്ലെങ്കില്‍ മാത്രം രണ്ടാമത്തെ കുട്ടിയെകുറിച്ച് ചിന്തിക്കുന്നതുമായ പ്രവണതകള്‍ സംസ്ഥാനത്ത് കണ്ടുവരുന്നുണ്ട്. ഇത് ജനസംഖ്യാ വളർച്ചയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post a Comment