തിരുവനന്തപുരം: ഏപ്രില്‍ മാസത്തിലെ അവധിക്കാലവും നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് അന്തർസംസ്ഥാന പാതകളില്‍ കൂടുതല്‍ സർവീസുകള്‍ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി.പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നീദിവസങ്ങളില്‍ സർവ്വീസ് നടത്തിയിരുന്നു. ഈസ്റ്റർ, വിഷു പ്രമാണിച്ച് ഏപ്രില്‍ 1 മുതല്‍ ആരംഭിച്ച സർവ്വീസ് 21 വരെയാണ് നടത്തുക.
ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകെ 42 അധിക സർവീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് സർവീസുകള്‍. തിരക്ക് വർധിക്കുന്നതനുസരിച്ച് 13 ബസുകള്‍ കൂടി അധികമായി അനുവദിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ സർവീസുകള്‍ വലിയ ആശ്വാസമാകും.
ടിക്കറ്റ് ബുക്കിംഗും പ്രത്യേക സൗകര്യങ്ങളും
യാത്രക്കാർക്ക് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം. സ്ഥിരം സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബസ് നിർത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് 20 രൂപ അധികം നല്‍കി 'റിക്വസ്റ്റ് സ്റ്റോപ്പ്' സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പരമാവധി യാത്രക്കാർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനാണ് കെഎസ്‌ആർടിസി ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
Post a Comment