തെലങ്കാനയിലെ കരിംനഗറില്‍ നാല് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെ അച്ഛൻ കൊലപ്പെടുത്തി.കുടുംബ കലഹത്തെത്തുടർന്നാണ് കരിംനഗർ റൂറല്‍ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലം തന്റെ മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ആറ് വർഷം മുമ്പാണ് ശ്രീശൈലം മൗനികയെ വിവാഹം കഴിച്ചത്. തനിക്ക് ആണ്‍കുട്ടികള്‍ ജനിക്കാത്തതില്‍ ഇയാള്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികള്‍ ജനിച്ചത് മുതല്‍ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും വീട്ടില്‍ തർക്കമുണ്ടായി. തുടർന്ന് ശ്രീശൈലം കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള കിണറ്റിലേക്ക് കുട്ടികളെ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
തിരച്ചിലില്‍ ഗീതാൻഷിയുടെ മൃതദേഹം ആദ്യം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. രണ്ടാമത്തെ കുട്ടിക്കായി വിദഗ്ധ നീന്തല്‍ തൊഴിലാളികളുടെ സഹായത്തോടെ മണിക്കൂറുകളോളം തെരച്ചില്‍ നടത്തി. അതിനു ശേഷമാണ് ഗീതാൻവികയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളെ കിണറ്റിലെറിയുന്നതിന് മുമ്പ് വിഷം നല്‍കിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കരിംനഗർ റൂറല്‍ സർക്കിള്‍ ഇൻസ്പെക്ടർ എ നിരഞ്ജൻ റെഡ്ഡി പറഞ്ഞു. നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദിക്കുകയും തുടർന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അസിസ്റ്റന്റ് കമ്മീഷണർ വിജയ് കുമാർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തെളിവെടുപ്പിനെ എത്തിക്കുമ്പോള്‍ പ്രതിക്കെതിരായി ജനരോഷം ഉണ്ടാവാനിടയുള്ളതിനാല്‍ പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment