തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ജോലി സമയങ്ങളിലും യാത്രകളിലും ഈ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശീലിക്കണം. ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് അത്യുഷ്ണത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്. കുട്ടികള്‍, പ്രായമായവർ, ഗർഭിണികള്‍ എന്നിവർക്ക് കഠിനമായ ചൂടില്‍ പ്രത്യേക സുരക്ഷയും പരിചരണവും ഉറപ്പാക്കണം. ചൂടില്‍ നിന്ന് ആശ്വാസം തേടി പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ പോകുന്ന കുട്ടികള്‍ അപകടത്തില്‍പ്പെടാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.
അത്യുഷ്ണം അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തൃശൂർ കോടാലിയില്‍ ഉറക്കത്തിനിടെ എട്ടു വയസ്സുകാരൻ പാമ്ബ് കടിയേറ്റ് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടുത്ത ചൂടില്‍ തണുപ്പ് തേടി ഇഴജന്തുക്കള്‍ ജനവാസമേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും എത്താൻ സാധ്യതയുണ്ട്. അതിനാല്‍ പരിസരവും വീടും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
Post a Comment