കായംകുളം: ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയില്‍ തർക്കവും സംഘർഷാവസ്ഥയും.പെരുന്നാള്‍ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകള്‍ക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതല്‍ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി നല്‍കാൻ കഴിയാത്തതില്‍ പ്രതിഷേധിച്ച ഉപഭോക്താക്കളോട്, അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കടയുടമ വിശദീകരിച്ചു.
ഗ്യാസ് സിലിണ്ടറുകള്‍ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും, ഇതാണ് ഓർഡറുകള്‍ വൈകാൻ കാരണമെന്നുമാണ് കടയുടമയുടെ വാദം. എന്നാല്‍ പെരുന്നാള്‍ ദിവസം വിരുന്നുകാർ വീട്ടിലെത്തുന്ന സമയത്ത് പത്തിരി ലഭിക്കാത്തത് മൂലം ഉണ്ടായ ബുദ്ധിമുട്ട് ഉപഭോക്താക്കളെ രോഷാകുലരാക്കി. സംഭവം വഷളായതോടെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടുകയും കടയ്ക്ക് മുന്നില്‍ ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു.
വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഷാകുലരായവരെ നിയന്ത്രിക്കാൻ പാടുപെട്ടു. പോലീസിന്റെ സാന്നിധ്യത്തിലും കടയുടമയും ഉപഭോക്താക്കളും തമ്മില്‍ രൂക്ഷമായ വാക്കുതർക്കം തുടർന്നു. പണം മുൻകൂട്ടി വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഉപഭോക്താക്കള്‍ തർക്കം തുടരുകയായിരുന്നു. ഇതിനിടെ ചില ഉപഭോക്താക്കള്‍ പത്തിരി വാങ്ങാതെ മടങ്ങുകയും ചെയ്തു.
Post a Comment