നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിമാന സർവീസുകള്‍ റദ്ദാക്കിയത് മൂലം രാജ്യത്ത് കുടുങ്ങിപ്പോയ വിസിറ്റ് വിസക്കാർക്ക് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചു.നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (NPRA) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ വിസ കാലാവധി അവസാനിച്ചവർക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമപാതകള്‍ വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ അല്‍ ഖലീഫ അറിയിച്ചു. ബഹ്റൈന് പുറത്തുള്ളവർക്കും ഇളവുകള്‍ ബാധകമാണ്. ഫെബ്രുവരി 28 വരെ വിസ കാലാവധിയുണ്ടായിട്ടും യാത്ര ചെയ്യാൻ കഴിയാത്തവരുടെ വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കും. യാത്രാ തടസ്സങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവർക്ക് മാനുഷിക പരിഗണന നല്‍കിയാണ് ഈ തീരുമാനം.
വിസ സംബന്ധമായ സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി എൻ.പി.ആർ.എ കാള്‍ സെന്ററിലോ വാട്സാപ്പ് ചാനല്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ മാത്രം പിന്തുടരണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
Post a Comment