തിരുവനന്തപുരം: കേരളത്തില്‍ മലയാളം ഭരണഭാഷയാക്കുന്നതിനും പഠനഭാഷയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സുപ്രധാനമായ 'മലയാള ഭാഷാ ബില്‍ - 2025' ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു.ഗവർണറുടെ ഒപ്പോടെ ബില്‍ നിയമമായതോടെ, സംസ്ഥാനത്തെ ഭരണ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാ ഉപയോഗം സംബന്ധിച്ച 1969-ലെ ആക്ടിന് പകരമായാണ് സമഗ്രമായ ഈ പുതിയ നിയമം വരുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം പഠനം നിർബന്ധമാക്കുമെന്നതാണ് പ്രധാന വ്യവസ്ഥ. എല്ലാ സർക്കാർ ഉത്തരവുകളും ഭരണപരമായ നടപടികളും ഇനി മലയാളത്തിലായിരിക്കും. അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
പി.എസ്.സി പരീക്ഷകള്‍ പൂർണ്ണമായും മലയാളത്തിലാക്കും. കോടതി ഭാഷയും മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സർവകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കും. കൂടാതെ, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രത്യേക സംവരണം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
എതിർപ്പുകളെ അതിജീവിച്ച് കേരളം
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവർ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നായിരുന്നു കർണാടകത്തിന്റെ വാദം. എന്നാല്‍, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് മറുപടി നല്‍കി.
Post a Comment