കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കില്‍, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നല്‍കി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോണ്‍സണ്‍ വിടവാങ്ങി.എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.
പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങള്‍ക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്ലവർ ആശുപത്രിക്കും കൈമാറും.
Post a Comment