ഗള്‍ഫ് നഗരങ്ങളില്‍ വീണ്ടും സ്ഫോടനം; പ്രത്യാക്രമണം ശക്തമാക്കി ഇറാൻ


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു.
ശനിയാഴ്ച നടന്ന അമേരിക്കൻ-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഞായറാഴ്ച (2026 മാർച്ച്‌ 1) പുലർച്ചെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ രണ്ടാംഘട്ട പ്രത്യാക്രമണം ആരംഭിച്ചു. ദുബായ്, ദോഹ, മനാമ നഗരങ്ങളില്‍ ഞായറാഴ്ച രാവിലെയും സ്ഫോടനങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഖത്തർ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് പതിനൊന്നോളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയില്‍ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി. ഇതിനെത്തുടർന്ന് കുവൈറ്റിലും ഇസ്രായേലിലും അപായ സൈറണുകള്‍ മുഴങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഞായറാഴ്ച രാവിലെ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി.
പശ്ചിമേഷ്യയിലെ വ്യോമപാത അതീവ അപകടത്തിലായതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റർനാഷണല്‍ എയർപോർട്ട് ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടി. ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജീവനക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുബായ്, അല്‍ മക്തൂം, സായിദ് ഇന്റർനാഷണല്‍ വിമാനത്താവളങ്ങള്‍ ഞായറാഴ്ചയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

Post a Comment

Previous Post Next Post