സ്വന്തം വീട്ടിലെ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച ശേഷം പോലീസിനെ അറിയിച്ചു; പിടി വീണത് ഇങ്ങനെ


തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന 7 പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ വീട്ടുടമയെ പിടികൂടി.പണവും സ്വർണവും മോഷ്ടിച്ച ശേഷം വീട്ടുടമ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്ക് സമീപം ആദിത്യ വീട്ടില്‍ മനോജിനെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. 33 വയസ്സുകാരനായ ഇയാളെ ഇപ്പോള്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് മനോജ് മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതില്‍ തുറന്നിടുകയും വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച്‌ ജനാലയുടെ കമ്പികള്‍ മുറിച്ചു മാറ്റുകയും ചെയ്തു. പിന്നാലെ ഓട്ടോറിക്ഷ ഓടിക്കാനും പോയി. ശേഷം കടച്ചല്‍ കുഴിക്ക് സമീപത്ത് മീൻ വില്‍ക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടില്‍ തിരിച്ചെത്തി. വാതില്‍ തുറന്നിട്ടിരിക്കുന്നതും ജനല്‍ കമ്പികള്‍ മുറിഞ്ഞു കിടക്കുന്നതും കണ്ട് ഭാര്യക്കൊപ്പം ഭർത്താവായ മനോജും ബഹളം വെച്ചു.
ശേഷം പോലീസില്‍ പരാതി നല്‍കി തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീട്ടുടമ തന്നെയാണ് കള്ളൻ എന്ന് മനസ്സിലായത്. മനോജിനെയും മറ്റൊരു ബന്ധുവിനെയും വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി വലയിലായത്. ജനല്‍ കമ്പി മുറിച്ചപ്പോള്‍ ഉണ്ടായ പൊടിയും കൈകളില്‍ ഉണ്ടായ ചെറിയ പൊള്ളലും ആണ് ഇയാളെ കുടുക്കിയത്. കുറ്റം സമ്മതിച്ചതോടെ മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചുവെച്ച ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post