അന്ധതയെ തോല്പിച്ച്‌ കോഴിക്കോട്ടുകാരൻ അജയ് രാജ് നേടിയത് ഐഎഎസ്; തളരാതെയുള്ള കഠിന പരിശ്രമത്തിന്റെ വിജയത്തിളക്കം


കോഴിക്കോ‌ട്: കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവില്‍ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവില്‍ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.തൊട്ടില്‍പ്പാലം സ്വദേശിയായ അജയ് രാജ് കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഇക്കുറി 109ാം റാങ്ക് കരസ്ഥമാക്കിയത്.
കോളേജില്‍ പഠിക്കുമ്പോഴാണ് അജയ്‌യുടെ ഉള്ളില്‍ സിവില്‍ സർവ്വീസ് എന്ന ആഗ്രഹം മുളപൊട്ടിയത്. പിന്നീട് ആ സ്വപ്നം എങ്ങനെയും കൈപിടിയിലാക്കാൻ ആവേശമായി. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇംഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ്‌ യു പി എസ് സി കോച്ചിങ് നടത്തിയത്.
അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവില്‍ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നല്‍കിയതെന്നും കൂടുതല്‍ പ്രധാന്യം നല്‍കിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളില്‍ തുടങ്ങി മൂല്യനിർണയം വരെയുള്ള എല്ലാ കാര്യങ്ങളിലും അക്കാദമി ഏറെ സഹായകമായി. അക്കാദമിയില്‍ നിന്നുള്ളവരുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ 730ാമത് റാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വീണ്ടും റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ സമയത്ത് അനുഭവിച്ചിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോള്‍ ഫലമുണ്ടായിരിക്കുകയാണെന്നും അജയ് പറയുന്നു.

Post a Comment

Previous Post Next Post