കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും.നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്‍.
ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി കെ ഗോവിന്ദന്‍ ഉയര്‍ത്തുന്നത്.
Post a Comment