ഇനി ഈ പ്രായം മുതല്‍ മതി ഇൻസ്റ്റയും മറ്റും.. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക


ബംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും അതിന്റെ പ്രതികൂല ആഘാതങ്ങളും തടയുന്നതിനായി നിർണ്ണായക തീരുമാനവുമായി കർണാടക സർക്കാർ.16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തന്റെ പതിനേഴാമത് ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഈ സുപ്രധാന നീക്കം വെളിപ്പെടുത്തിയത്.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 4,48,004 കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ദേശീയ, ആഗോള വ്യാപാരത്തില്‍ കർണാടക വഹിക്കുന്ന നിർണ്ണായക പങ്ക് ബജറ്റില്‍ എടുത്തുപറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി വരുമാനം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കർണാടകയെന്നും വികസനത്തിന്റെ എല്ലാ മേഖലകളിലും സംസ്ഥാനം മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേന്ദ്ര സർക്കാർ ഫെഡറല്‍ ഭരണസംവിധാനം പാലിക്കാതെ സംസ്ഥാനത്തോട് അനീതി കാണിക്കുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം വിമർശിച്ചു. ഐഐഎസ്‌സി (IISc), ഐഎസ്‌ആർഒ (ISRO), കിയോണിക്‌സ് (KEONICS) എന്നിവയുമായി സഹകരിച്ച്‌ 'ബാംഗ്ലൂർ റോബോട്ടിക്‌സ് ആൻഡ് എഐ ഇന്നൊവേഷൻ സോണ്‍' എന്ന പേരില്‍ പുതിയ കാമ്പസ് സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൃത്രിമബുദ്ധിയിലെ മുന്നേറ്റങ്ങള്‍ ഉല്‍പാദന മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ശാസ്ത്ര-സാങ്കേതിക നവീകരണങ്ങള്‍ വികസനത്തിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post