ഓപ്പറേഷൻ സൈ-ഹണ്ട് 2.0; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി


കണ്ണൂർ : സംസ്ഥാന വ്യാപകമായി സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നടത്തുന്ന 'ഓപ്പറേഷൻ സൈ-ഹണ്ട് 2.0'ന്റെ ഭാഗമായി കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തിയ തെരച്ചിലില്‍ ഒരാള്‍ പിടിയിലായി.ജില്ലാ പോലീസ് മേധാവിയുടെ മാർഗനിർദേശപ്രകാരം കണ്ണൂർ റൂറല്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളെയും ഏകോപിപ്പിച്ച്‌ ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 27 റെയ്ഡുകളാണ് നടത്തിയത്.
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍, വിവിധ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഏർപ്പെട്ടിട്ടുള്ള സംശയാസ്പദമായ വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈ റെയ്ഡുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 15 എഫ്.ഐ.ആർ കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കൂടാതെ, സംശയകരമായ ഓണ്‍ലൈൻ ഇടപാടുകളും പ്രവർത്തനങ്ങളും സംബന്ധിച്ച്‌ നാല് പേർക്ക് നോട്ടീസ് നല്‍കുകയും, ഇവരുടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനകം രജിസ്റ്റർ ചെയ്ത കേസുകളില്‍ ഊർജിതമായ അന്വേഷണം നടത്തി, ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്കെതിരെ ഉടൻ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നല്‍കിയിട്ടുണ്ട്. "സാധാരണക്കാരെ വലയിലാക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ജില്ലയില്‍ സൈബർ കുറ്റകൃത്യങ്ങള്‍ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ ഇത്തരം പരിശോധനകള്‍ തുടരുമെന്നും" കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

Previous Post Next Post